06:47am 25 May 2026
NEWS
സുപ്രീംകോടതി കനിഞ്ഞില്ല; കർണാടകത്തിലെ മുൻമന്ത്രി വിനയ് കുൽക്കർണി വീണ്ടും ജയിലിൽ
14/06/2025  11:16 AM IST
വിഷ്ണുമംഗലം കുമാർ
സുപ്രീംകോടതി കനിഞ്ഞില്ല;  കർണാടകത്തിലെ മുൻമന്ത്രി വിനയ് കുൽക്കർണി വീണ്ടും ജയിലിൽ

 ബംഗളുരു:  ധാർവാഡയിലെ ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായിരുന്ന യോഗേഷ് ഗൗഡയെ ഒരു കൂട്ടം അക്രമികൾ കൊലപ്പെടുത്തിയത് 2016 ജൂൺ 15നാണ്. അക്കാലയളവിൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു ധാർവാഡയിൽ നിന്നുള്ള എം എൽ എ  വിനയ് കുൽക്കർണി. ധാർവാഡ ജില്ലയുടെ ചുമതലയും അദ്ദേഹമാണ് വഹിച്ചിരുന്നത്. യോഗേഷ് ഗൗഡയുടെ കൊലപാതകത്തിൽ മന്ത്രിക്ക് പങ്കുണ്ടെന്ന് ബന്ധുക്കളും ബിജെപിയും ആരോപിച്ചിരുന്നെങ്കിലും പോലീസ് മറ്റുചിലരെയാണ് അറസ്റ്റുചെയ്തത്. കേസ് സിബിഐയ്ക്ക് വിടണമെന്ന് ബന്ധുക്കളും ബിജെപിയും ശക്തിയായി ആവശ്യപ്പെട്ടിരുന്നു. ബിജെപിയ്ക്കും കോൺഗ്രസ്സിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണ് ധാർവാഡ. 2018ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അമൃത് ദേശായിയോട് ഇരുപതിനായിരത്തിൽ പരം വോട്ടുകൾക്ക് വിനയ് കുൽക്കർണി പരാജയപ്പെട്ടു. 2019 ൽ കേസ് ഏറ്റെടുത്ത സിബിഐ 2020 നവംബർ അഞ്ചിന് വിനയ് കുൽക്കർണിയെയും സഹായിയെയും അറസ്റ്റുചെയ്തു. വിചാരണക്കോടതിയും ഹൈക്കോടതിയും ജാമ്യഹരജി തള്ളിയതിനെതുടർന്ന് വിനയ് കുൽക്കർണി സുപ്രീം കോടതിയെ സമീപിച്ചു. 2021 ആഗസ്റ്റ് 11ന് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. 2023 ലെ തെരഞ്ഞെടുപ്പിൽ ധാർവാഡയിൽ നിന്ന് മത്സരിച്ച് ജയിച്ച് അദ്ദേഹം വീണ്ടും എംഎൽഎ ആയി. ബിജെപിയുടെ അമൃത് ദേശായിയെ 18037 വോട്ടുകൾക്കാണ് കുൽക്കർണി പരാജയപ്പെടുത്തിയത്. സംസ്ഥാനഭരണം കോൺഗ്രസ്സ് തിരിച്ചുപിടിച്ചെങ്കിലും ഇത്തവണ കുൽക്കർണിയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ല. സംസ്ഥാന വാട്ടർ സപ്ലൈ ബോർഡ് ചെയർമാൻ പദവികൊണ്ട് അദ്ദേഹത്തിന് തൃപ്തിപ്പെടേണ്ടിവന്നു. വിനയ് കുൽക്കർണിയും കൂട്ടുപ്രതിയായ ചന്ദ്രശേഖർ ഇൻഡയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവരുടെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ കഴിഞ്ഞവർഷം വിചാരണക്കോടതിയിൽ ഹരജി നൽകി. ചന്ദ്രശേഖർ ഇൻഡയുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി പക്ഷെ വിനയ് കുൽക്കർണിയുടെ കാര്യത്തിൽ തീരുമാനമെടുത്തില്ല. തുടർന്ന് സിബിഐ സുപ്രീം കോടതിയിലെത്തി. ഈ മാസം ആറിന് ജസ്റ്റിസുമാരായ സഞ്ജയ്‌ കരോൾ, സതീഷ്ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വിനയ് കുൽക്കർണിയുടെ ജാമ്യം റദ്ദാക്കി, ഒരാഴ്ചക്കുള്ളിൽ കീഴടങ്ങാൻ ഉത്തരവിട്ടു. കീഴടങ്ങാനുള്ള സമയം നീട്ടിനൽകണമെന്ന അപേക്ഷയുമായി കുൽക്കർണിയുടെ അഭിഭാഷകൻ ഇന്നലെ വീണ്ടും സുപ്രീംകോടതിയിലെത്തി. ഇന്നലെയായിരുന്നു കീഴടങ്ങാൻ അനുവദിച്ച കാലാവധിയുടെ അവസാന ദിവസം. ജനപ്രതിനിധിയാണ്, സംസ്ഥാന വാട്ടർ സപ്ലൈ ബോർഡിന്റെ ചെയർമാൻ എന്ന നിലയിൽ ഭാരിച്ച ചുമതലകളുണ്ട്, അതിനാൽ കീഴടങ്ങാനുള്ള സമയപരിധി നീട്ടിത്തരണം എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, മൻമോഹൻ എന്നിവരുടെ ബെഞ്ച് മുമ്പാകെ വിനയ് കുൽക്കർണിയുടെ അഭിഭാഷകൻ അപേക്ഷിച്ചത്. കോടതി അത് ചെവിക്കൊണ്ടില്ല. ഉടനടി കീഴടങ്ങാൻ ബെഞ്ച് ഉത്തരവിട്ടു. കുൽക്കർണി വിചാരണക്കോടതിയിലെത്തുമ്പോൾ സിബിഐ ഉദ്യോഗസ്ഥർ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. കോടതി റിമാണ്ട് ചെയ്ത മുൻമന്ത്രിയെ സിബിഐ ജയിലിലേക്ക് കൊണ്ടുപോയി. ഭരണപക്ഷത്തെ കരുത്തനായ എം എൽ എയാണ് വീണ്ടും അഴികൾക്കുള്ളിലായത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img